ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറുവയസുകാരി പീഡനത്തിനിരയായി

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്‌കൂളിലെ ശൗചാലയത്തില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്.
ശൗചാലയത്തില്‍ കുട്ടികളെ സഹായിക്കാന്‍ ചുമതലയുണ്ടായിരുന്ന സ്ത്രീ ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. ശൗചാലയത്തില്‍ എത്തിയ കുട്ടി സഹായം ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂളിലെ ജീവനക്കാരനായ ഇയാള്‍ അകത്തെത്തുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

വീട്ടിലെത്തിയ കുട്ടി അമ്മയോട് സ്‌കൂളില്‍ വച്ചുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനെ ഇക്കാര്യം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് എയിംസില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിപ്പെട്ടതായി കണ്ടെത്തി.

പോക്‌സോ നിയമപ്രകാരം സ്‌കൂള്‍ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മൂന്നുമാസം മുന്‍പാണ് ഇയാള്‍ സ്‌കൂളില്‍ ജോലിക്ക് പ്രവേശിച്ചത്.