നീന്തല്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അടിയൊഴുക്ക് പാരയായി; മുങ്ങിപ്പോയ പ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴനീന്തല്‍ സമരം അപകടത്തില്‍ അവസാനിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴ നീന്തല്‍ സമരത്തിനിടെ തളര്‍ന്ന് അവശരായി മുങ്ങിത്താണവരെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഒടുവില്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.

ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന്‍ ഉള്‍പ്പെടെ ഒന്‍പത് പേര് പങ്കെടുത്ത സമരത്തില്‍ ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. അഴീക്കോട് അഴിമുഖ കവാടത്തിലെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ടതാണ് അപകടമുണ്ടാകാന്‍ കാരണം.ആറു മാസം മുന്‍പാണ് അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയത്.

അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സര്‍വീസ് പുനരാരംഭിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കയ്പ്പമംഗലം മണ്ഡലം കമ്മിറ്റി നീന്തല്‍ സമരം സംഘടിപ്പിച്ചത്.