ഉത്തരകൊറിയക്കെതിരായ സൈനിക നടപടി പരാജയമാകും നല്‍കുകയെന്ന് പുടിന്‍

മോസ്‌കോ: നിരന്തര പ്രകോപനങ്ങളിലൂടെ യുദ്ധഭീഷണി മുഴക്കുന്ന ഉത്തരകൊറിയക്കെതിരെ സൈനിക പോരാട്ടം നടത്തുന്നത് വിജയകരമാവാന്‍ സാധ്യത ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.

ഉത്തരകൊറിയക്കെതിരെ സൈനിക നടപടി ഉണ്ടാകണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെയാണ് പുടിന്‍ തള്ളിക്കളഞ്ഞത്. വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായി എതിര്‍ക്കുന്നുവെന്ന് പുടിന്‍ വ്യക്തമാക്കി. മോസ്‌കോയില്‍ നടന്ന എനര്‍ജി ഫോറമില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

സൈനിക നടപടിയിലൂടെ ഉത്തര കൊറിയയിലെ ആണവ, മിസൈല്‍ പദ്ധതികള്‍ തകര്‍ക്കുക എന്നതാണ് അമേരിക്ക ലക്ഷ്യം വക്കുന്നത്.എന്നാല്‍ ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോന്‍ഗ്യാങ്ങിലെ ആയുധ ശേഷിയെ കുറിച്ചും അവരുടെ കാര്യക്ഷമതയെ കുറിച്ചും വ്യക്തമായ ധാരണകളില്ലാത്തതാതിനാല്‍ ആക്രമണം ഗുണം ചെയ്യില്ലെന്നാണ് പുടിന്‍ കരുതുന്നത്. വിഷയത്തില്‍ റഷ്യയുടെ നിലപാട് എന്താണെന്ന് അമേരിക്കയക്ക് മനസിലക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പുടിന്‍ പ്രകടിപ്പിച്ചു.