ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് നിര്‍ണ്ണായക ദിനം; എങ്ങനെയും കടന്നു കൂടാനുറച്ച് മെസ്സിയും കൂട്ടരും

ബ്യൂനസ് ഐറിസ് :വീണ്ടും ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആവേശമെത്തുമ്പോള്‍ ഏറെ ആശങ്കയോടെയാണ് അര്‍ജന്റീന ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനയെ ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തിപ്പെടുത്തില്ല.ലോകകപ്പ് പ്രതീക്ഷ പ്രതിസന്ധിയിലായ അര്‍ജന്റീന പുലര്‍ച്ചെ നടക്കുന്ന നിര്‍ണായക മല്‍സരത്തില്‍ പെറുവിനെ നേരിടുന്നു. നാളെ പുലര്‍ച്ചെയാണു മല്‍സരം. തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്താണു പെറു; പെറുവിനെയും അവസാന മല്‍സരത്തില്‍ ഇക്വഡോറിനെയും മറികടന്നാല്‍ അര്‍ജന്റീനയ്ക്കു യോഗ്യത ഉറപ്പിക്കാം. തോല്‍വിയും സമനിലയും ലോകകപ്പ് സാധ്യതകള്‍ക്കു വീണ്ടും മങ്ങലേല്‍പിക്കും.

യോഗ്യതാ റൗണ്ടില്‍നിന്നു നാലു ടീമുകള്‍ക്കാണ് ലോകകപ്പിനു നേരിട്ടു യോഗ്യത. അഞ്ചാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫ് കളിച്ചു യോഗ്യത ഉറപ്പിക്കാം. 16 മല്‍സരങ്ങളില്‍നിന്ന് അര്‍ജന്റീനയ്ക്കും പെറുവിനും 24 പോയിന്റുകളെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് അര്‍ജന്റീനയെ പിന്നോട്ടടിച്ചത്. 16 മല്‍സരങ്ങളില്‍നിന്നു വെറും ആറു ഗോളുകള്‍ മാത്രമാണു മെസ്സിയുടെ ടീം നേടിയത്.വിജയമുറപ്പിച്ച കഴിഞ്ഞ മല്‍സരത്തില്‍ ദുര്‍ബലരായ വെനസ്വേലയ്‌ക്കെതിരെ സമനില വഴങ്ങിയതും തിരിച്ചടിയായി. അഞ്ചാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കേണ്ടിവന്നാല്‍ ന്യൂസീലന്‍ഡാകും അര്‍ജന്റീനയുടെ എതിരാളികള്‍.

അര്‍ജന്റീനയെക്കാള്‍ ഒരു പോയിന്റ് പിന്നിലുള്ള ചിലെയ്ക്ക് ലോകകപ്പ് കളിക്കാന്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളും നിര്‍ണായകം. നാളെ പുലര്‍ച്ചെ ചിലെ ഇക്വഡോറിനെ നേരിടും. നേരത്തേ യോഗ്യത ഉറപ്പിച്ച ബ്രസീല്‍ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ച ബോളീവിയയെ നേരിടും. വെനസ്വേലയെ നേരിടുന്ന യുറഗ്വായ്ക്ക് ജയിച്ചാല്‍ യോഗ്യത ഉറപ്പാക്കാം. പാരഗ്വായ്‌ക്കെതിരെ വിജയം നേടിയാല്‍ തെക്കേ അമേരിക്കന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായ കൊളംബിയയും യോഗ്യതയ്ക്കു തൊട്ടരികിലെത്തും.