നോട്ട് നിരോധനം കടലാസ് കമ്പനികള്‍ വെളുപ്പിച്ചത് 4500 കോടി ; ഒരു കമ്പനിക്ക് തന്നെ 2,134ബാങ്ക് അക്കൗണ്ടുകള്‍
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 5800ലധികം വരുന്ന കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ 4574 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നിക്ഷേപിച്ച ഉടന്‍ തന്നെ ഭൂരിപക്ഷം തുകയും അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 4552 കോടി രൂപയാണ് ഇത്തരത്തില്‍ വെളുപ്പിച്ചിരിക്കുന്നത്. 13140 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ പുറത്തുവിട്ടത്. കമ്പനികളില്‍ ചിലത് നൂറിലേറെ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കമ്പനിക്ക് മാത്രമായി 2134 അക്കൗണ്ടുകള്‍ ഉണ്ട് എന്നും കണ്ടെത്തി. രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസുകമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 13 ബാങ്കുകളില്‍ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
നവംബര്‍ എട്ടിന് നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഒരു ബാങ്കില്‍ തന്നെ പതിവിലും കവിഞ്ഞ തുക നിക്ഷേപിച്ച 3000 കമ്പനികളുടെ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവയില്‍ നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിന് 13 കോടിരുപയായിരുന്നു നിക്ഷേപമുണ്ടായിരുന്നതെങ്കില്‍ അതിന് ശേഷം 3800 കോടിരൂപയാണ് ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പിന്‍വലിച്ചത്. അതേസമയം ഗോള്‍ഡ് ശുക് ട്രേഡ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് 2,134 അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്.