കോടിയേരി സിംഹത്തെ കണ്ടിട്ടില്ല, അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്; പാര്‍ട്ടിയിലെ ഒരു കുഞ്ഞ് നേതാവാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷയാത്രക്കെത്തിയ ദേശിയ അധ്യക്ഷന്‍ അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അമിത് ഷായെക്കുറിച്ച് കോടിയേരി അങ്ങനെ പറഞ്ഞതെന്നാണ് കണ്ണന്താനത്തിന്റെ പ്രതികരണം. ജനരക്ഷ യാത്രയില്‍ പങ്കടുക്കാനെത്തിയ അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അമിത് ഷാ പിണറായിയിലൂടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിത് ഷാ യാത്ര ഒഴിവാക്കിയതെന്ന് കണ്ണന്താനം പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയുടെ അധ്യക്ഷനാണ്. ഉത്തരവാദപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിനുണ്ട്. പാര്‍ട്ടിയെ പറ്റി ഇത്ര കാര്യങ്ങളൊക്കെയേ തനിക്ക് അറിയൂ, എന്നും താന്‍ പാര്‍ട്ടിയിലെ ഒരു കുഞ്ഞു നേതാവ് മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.

ജനരക്ഷാ യാത്ര കഴിയുന്നതോടെ കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്നും കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കണ്ണന്താനം.