ഇത്തവണ ലോകകപ്പ് മെസ്സിയും കൂട്ടരും ഇല്ലാതെയോ? യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങി അര്‍ജന്റീന
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ആരാധകരുടെ ആവേശങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണു ലയണല്‍ മെസിയും സംഘവും. വ്യാഴാഴ്ച നടന്ന യോഗ്യതാ മല്‍സരത്തില്‍ പെറുവിനോടു ഗോള്‍രഹിത സമനില വഴങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പില്‍ പ്രവേശിക്കാനുള്ള സാധ്യത പരുങ്ങലിലായി.
സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുന്‍പിലാണു മെസിയും കൂട്ടരും നിസ്സഹായരായത്. പെറുവിനെതിരെയും ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണു അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനു യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്.
കളിക്കു മുന്‍പു തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്തായിരുന്നു പെറു; അര്‍ജന്റീന അഞ്ചാമതും. എന്നാല്‍ കളി കഴിഞ്ഞതോടെ അര്‍ജന്റീന ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പോയിന്റില്‍ ഒപ്പമാണെങ്കിലും ഗോള്‍ മുന്‍തൂക്കമുള്ള പെറു സമനില മാത്രം ലക്ഷ്യമിട്ടു ജാഗ്രതയോടെ കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ അര്‍ജന്‌റീനിയിന്‍ പട പ്രതിരോധത്തിലായി.
തുടര്‍ച്ചയായ മൂന്നാം സമനിലയോടെ മേഖലയില്‍ ആറാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് അടുത്ത ബുധനാഴ്ച ഇക്വഡോറിനെതിരെ അവരുടെ നാട്ടിലാണ് അടുത്ത മത്സരം. ഈ കളിയില്‍ ജയിക്കുക മാത്രമാണു കോച്ച് സാംപോളിയുടെ കീഴിലുള്ള അര്‍ജന്റീനയ്ക്കു മുന്നിലെ ഏക വഴി.
എന്നാല്‍ കണക്കുകള്‍ അര്‍ജന്റീനയ്ക്ക് അനുകൂലമല്ല. ഇക്വഡോറില്‍ മുന്‍പു നടന്നിട്ടുള്ള യോഗ്യതാ മല്‍സരങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണത്തില്‍ തോല്‍വിയായിരുന്നു. ഒരു മല്‍സരം സമനിലയിലുമായി. 2001ല്‍ ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീന വിജയിച്ചിട്ടുണ്ട്.