പടുകുഴിയിലേയ്ക്ക് വീഴാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ദിലീപ്; നീക്കങ്ങളെല്ലാം സസൂക്ഷം നിരീക്ഷിച്ച് പോലീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ദിലീപിന്റെ ഒരോ നീക്കങ്ങളേയും അത്രമേല്‍ സസൂക്ഷ്മം വീക്ഷിക്കുന്ന പോലീസ് നടന്റെ ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന വിവരം. ഇതിനായി പോലീസിന്റെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ദിലീപിന് പുറമെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ നീക്കങ്ങളും പോലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്. ഇവര്‍ മുഖേനെയോ അല്ലാതെയോ ദിലീപ് കേസിലെ സാക്ഷികളെയോ മറ്റോ സ്വാധീനിക്കുമോ എന്നറിയാനും അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയാല്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി കോടതിയെ സമീപിക്കാനുമാണ് അധികൃതരുടെ തീരുമാനം.

എന്നാല്‍, പോലീസ് വലവിരിച്ചിട്ടും ഇതുവരെ ദിലീപിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നീക്കങ്ങളൊന്നും തന്നെ പോലീസ് കണ്ടെത്താനായിട്ടില്ല. അതേസമയം ദിലീപ് ജയില്‍ മോചിതനായ ശേഷം ആരാധനാലയങ്ങളില്‍ വഴിപാട് നടത്തിയും കുടുംബത്തോടൊപ്പം സമയം ചെലഴിച്ചുമാണ് മുന്നോട്ട് പോകുന്നത്.

ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച അന്നുരാത്രി തന്നെ അഭിഭാഷകനായ രാമന്‍പിള്ളയെ ദിലീപും ഭാര്യ കാവ്യാ മാധവനും ഒന്നിച്ച് സന്ദര്‍ശിച്ചിരുന്നു. നന്ദി അറിയിക്കുന്നതിലുപരി ജാമ്യവ്യവസ്ഥകളെക്കുറിച്ച് ചോദിച്ചറിയാനും കേസിനെ ബാധിക്കാത്തവിധം മുന്നോട്ടു നീങ്ങുന്നതിനുമുള്ള ഉപദേശം തേടാനും കൂടി വേണ്ടിയായിരുന്നു സന്ദര്‍ശനം.

എന്നാല്‍ ദിലീപ് ജാമ്യം നേടി പുറത്തുവന്ന അന്നു രാത്രി തന്നെ ദിലീപിനെതിരേ നിയമയുദ്ധം നടത്തിവരുന്ന ആലുവ പറവൂര്‍ കവലയിലെ അഭിഭാഷകന്‍ കെ.സി.സന്തോഷിന്റെ വീടിനുനേരേ വലിയ തോതിലുള്ള ആക്രമണം നടന്നിരുന്നു. ഈ സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് ആലുവ പോലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നതാണ് പോലീസിനു വലിയ തലവേദനയാകുന്നത്.

നടിക്കെതിരായ ആക്രമണം സംബന്ധിച്ച കേസന്വേഷണത്തിന്റെ മുഖ്യചുമതലയുള്ള എ.ഡി.ജി.പി. ബി. സന്ധ്യ ബുധനാഴ്ച തന്നെ ആലുവ പോലീസ് ക്ലബിലെത്തി മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കാനുള്ള നിര്‍ദേശം എ.ഡി.ജി.പി. നല്‍കിയതായാണ് വിവരം. എന്നാല്‍ ഇത്തരത്തില്‍ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത് കൊണ്ട് തന്നെ ദിലീപിന്റെ നീക്കങ്ങലെല്ലാം വളരെ ശ്രദ്ധയോടു കൂടിയാണ്.

കഴിഞ്ഞ ദിവസം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം സംഘടന തിരികെ നല്‍കിയെങ്കിലും ദിലീപ് നന്ദിപൂര്‍വ്വം അത് നിരസിക്കുകയായിരുന്നു. ആരവങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് തല്‍ക്കാലം നടന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണു വിവരം. ചിത്രീകരണം തുടങ്ങിയ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഒടുവില്‍ താന്‍ അഭിനയിച്ച് റിലീസായ രാമലീല തിയേറ്ററില്‍ പോയി കാണാനും ദിലീപ് ഇതുവരെ തയ്യാറായിട്ടില്ല.