അടിയന്തര ശാസ്ത്രക്രിയ നടക്കുമ്പോള്‍ രോഗി പാട്ടും പാടി ബാഹുബാലി2 കണ്ടിരുന്നു;വീഡിയോ വൈറല്‍
ഹൈദരാബാദ്: തലച്ചോറില്‍ ബാധിച്ച ട്യൂമര്‍ നീക്കാന്‍ അടിയന്തരമായ ശാസ്ത്രക്രിയ നടക്കുമ്പോള്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ യുവതി ബാഹുബലി 2 കണ്ടാസ്വാദിക്കുകയായിരുന്നു. വിനയകുമാരി എന്ന 43 കാരിയായ നഴ്‌സാണ് തലച്ചോറിലെ ശസ്ത്രക്രിയക്കിടെ സിനിമ കണ്ടത്.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. അനസ്‌തേഷ്യ ഉപയോഗിക്കാതെ വേണം ശസ്ത്രക്രിയ നടത്തേണ്ടത്,കൂടാതെ ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗി ഉണര്‍ന്നിരിക്കുകയും വേണം. ഇതിനായി ഡോക്ടര്‍മാര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ശാസ്ത്രക്രിയക്കിടയിലെ സിനിമ കാണല്‍.
അങ്ങനെ സിനിമ കാണലുംശസ്ത്രക്രിയയും ഒന്നിച്ചു നടന്നു. ന്യൂറോ സര്‍ജന്‍ ഡോ. ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ വിനയകുമാരി സിനിമ കാണുകയും സിനിമയിലെ പാട്ട് മൂളുകയും ചെയ്യുന്നതിന്റെ വിഡിയോയും പുറത്തുവന്നു. സിനിമ തീരുന്നതിന് മുന്‍പ് തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്. ശസ്ത്രക്രിയ കുറച്ച് നേരം കൂടി നീണ്ടിരുന്നെങ്കില്‍ സിനിമ കണ്ടുതീര്‍ക്കാമായിരുന്നു എന്നും അവര്‍ തമാശയായി പറഞ്ഞു.
ശാസ്ത്രക്രിയക്കിടയില്‍ രോഗിയുടെ ചില പ്രതികരണങ്ങള്‍ ആവശ്യമായിട്ടുണ്ടായിരുന്നു, അതിനാണ് ഇങ്ങനെ ഒരു മാര്‍ഗം കണ്ടെത്തിയതെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. എന്തായാലും വിനയകുമാരി ഇപ്പോള്‍ സുഗമായിരിക്കുകയാണ്.