ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയേക്കും ജിഎസ്ടി; യോഗം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യംമൂലമുണ്ടായ പ്രതിസന്ധികള്‍ തുടരവെ ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് ഏര്‍പ്പെടുത്തിയേക്കും. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന കാര്യംജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി ആന്ധ്ര ധനമന്ത്രി അറിയിച്ചു. സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം.ജിഎസ്ടി കൗണ്‍സിലിന്റെ 22-ാം യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.
പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നതിന് അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതുള്‍പ്പടെതീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് സൂചന. ഇതിനു മുന്‍പ് ഹൈദരാബാദില്‍ നടന്ന ജിഎസ്ടി കൗണ്‍സിലില്‍ 40 വസ്തുക്കളുടെ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു. കാറുകള്‍ക്ക് വലിയ സെസ് ഈടാക്കാനുള്ള തീരുമാനം അന്ന് നടന്ന യോഗത്തിലാണ് ഉണ്ടായത്.
അതേസമയം, ദിനംപ്രതി വര്‍ധിച്ചുവരുന്ന പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ കൊണ്ടുവരണമെന്ന ആവശ്യം കാര്യമായി ഉയരാനിടയില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ആദ്യം കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കണമെന്നും. അതിനു ശേഷം ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ആലോചിക്കാമെന്നുമാണു ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്.