സ്‌കൂള്‍ കലോത്സവത്തിന്റെ ഗ്‌ളാമര്‍ കുറഞ്ഞേക്കും,ഇനിമുതല്‍ ഘോഷയാത്രയില്ല, ആഡംബരത്തിന് മൈനസ് മാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുക്കിയ മാന്വല്‍ പ്രകാരം, കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്താറുള്ള ഘോഷയാത്ര ഇനിമുതല്‍ ഉണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക് കുറയ്ക്കണമെന്നതടക്കം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

ഇതോടെ കലോത്സവത്തില്‍ അടിമുടി മാറ്റമാണ് വരാന്‍ പോകുന്നത്. പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് തൃശൂരില്‍ നടക്കുന്ന കലോത്സവത്തോടെ തുടക്കമാകും. ഘോഷയാത്ര ഒഴിവാക്കിയതിനു പകരമായി ഉദ്ഘാടന വേദിക്ക് സമീപം സാംസ്‌കാരിക ദൃശ്യവിരുന്നുണ്ടാകും. വിദ്യാര്‍ത്ഥികളെ വെയിലത്ത് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ കണക്കിലെടുത്താണ് ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനമുണ്ടായത്.

നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക് കുറക്കും.ഏറെ ചമയങ്ങളും,അണിഞ്ഞൊരുക്കങ്ങളുമാവശ്യമായ മത്സരയിനമാണ് നാടോടി നൃത്തം.
പുതിയ മാന്വല്‍ പ്രകാരം, മിമിക്രിയില്‍ ഇനി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒന്നിച്ചാകും നടത്തുക. കഥകളി സിംഗിളും ഗ്രൂപ്പും നാടോടിനൃത്തവും കഥാപ്രസംഗവും സംഘഗാനവും ഇനി പൊതുമത്സരങ്ങള്‍. എ ഗ്രേഡ് കിട്ടിയവര്‍ക്ക് ഒറ്റത്തവണ സാംസ്‌ക്കാരിക സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്ല. എ,ബി.സി ഗ്രേഡുകള്‍ നിലനിര്‍ത്തി.