കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് കോടികളുടെ ആക്രിസാധനങ്ങള്‍ കടത്തി;അഴിമതി പുറത്തായത് സിബിഐ റെയ്ഡില്‍

കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആക്രിസാധനങ്ങള്‍ കടത്തിയതായി സി.ബി.ഐ. കണ്ടെത്തി. കപ്പല്‍ശാലയില്‍ സി.ബി.ഐ. നടത്തിയ റെയ്ഡിലാണ് അഴിമതി കണ്ടെത്തിയത്.

സംഭവത്തില്‍ സ്ഥലത്തെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍. അജിത് കുമാര്‍, കരാറുകാരന്‍ പി.എ. മുഹമ്മദലി എന്നിവര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. ഇവരുടെ വീടുകളിലും കപ്പല്‍ശാലയിലുമാണ് ഉച്ചയോടെ സി.ബി.ഐ. റെയ്ഡ് നടത്തിയത്.

കപ്പല്‍ശാലയില്‍ നിന്ന് 1000 മെട്രിക് ടണ്‍ ആക്രിസാധനങ്ങള്‍ അനധികൃതമായി കടത്തിയെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. ഇരുമ്പും സ്റ്റീലും ഉള്‍പ്പെടെയുള്ള ആക്രിസാധനങ്ങളാണ് കടത്തിയിരിക്കുന്നത്. കപ്പല്‍ശാലയില്‍ പുതിയ ലോക് യാര്‍ഡ് നിര്‍മ്മിക്കുന്ന സമയത്താണ് ആക്രി സാധനങ്ങള്‍ കടത്തിയത്.

ഒന്നരക്കോടി രൂപയ്ക്കാണ് പി.എ. മുഹമ്മദലിയ്ക്ക് ആക്രിസാധനങ്ങള്‍ എടുക്കുന്നതിന് കപ്പല്‍ശാല കരാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ കരാറില്ലാതെ വഴിവിട്ട് ഇയാള്‍ക്ക് ആക്രിസാധനങ്ങള്‍ നല്‍കി എന്നാണ് കേസ്.