ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു ജീവനക്കാരന്‍ നഴ്സറിക്ക് തീ വച്ചു; നാലു കുട്ടികളും അധ്യാപികയും വെന്തുമരിച്ചു
ബ്രസീലിയ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്തിന്റെ ദേഷ്യം തീര്‍ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവച്ചു. തീ പടര്‍ന്നതോടെ നഴ്സറിയിലുണ്ടായിരുന്ന നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം.വാര്‍ത്ത പരന്നതോടെ നഴ്‌സറി സ്‌കൂളിലേക്ക് നിലവിളിച്ചുകൊണ്ട് രക്ഷിതാക്കള്‍ ഓടിയെത്തി. കൂടുതല്‍ പരിക്കേറ്റവരെ വിമാനത്തില്‍ തലസ്ഥാന നഗരത്തിലെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് നഴ്സറിക്കു തീയിട്ടത്. ആക്രമണത്തിന് ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ചു മരിച്ചു. വാര്‍ഷിക അവധി കഴിഞ്ഞു തിരിച്ചെത്തിയതിനു പിന്നാലെ കഴിഞ്ഞ മാസം ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതാണ് ഇയാളെ പ്രകോപിതനാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനാഉബ നഗരത്തില്‍ ഏഴുദിവസത്തെ ദുഃഖാചരണത്തിന് മേയര്‍ ഉത്തരവിട്ടു.