വേദനയോടെ ഒരാളും മരിക്കാന്‍ പാടില്ല; വധ ശിക്ഷക്ക് മറ്റു മാര്‍ഗങ്ങള്‍ തേടാനാകുമോ എന്ന് സുപ്രീം കോടതി

ദില്ലി: രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാനാകുമോ എന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി.വധശിക്ഷ നടപ്പാക്കാന്‍ വേദനരഹിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ഇങ്ങനെ ചോദിച്ചത്.

ഒരു വ്യക്തി സമാധാനപൂര്‍വ്വം വേണം മരിക്കാന്‍, അല്ലാതെ വേദനയോടെ ആകരുത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് വിവിധ രാജ്യങ്ങളില്‍ നടപ്പാക്കി വരുന്നുണ്ട്. അതിനാല്‍ അക്കാര്യത്തെ കുറിച്ച് നിയമനിര്‍മാണം നടത്തുന്നവര്‍ ഗൗരവപൂര്‍വ്വം ആലോചിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനായ റിഷി മല്‍ഹോത്രയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അന്തസോടെ മരിക്കുക എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും വേദനരഹിതമായിരിക്കണം ഒരാളുടെ മരണമെന്നും മല്‍ഹോത്ര അഭിപ്രായപ്പെട്ടു.