വേറെ നിവൃത്തി ഇല്ലാത്തതിനാലാണ് തങ്ങള്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ജനങ്ങള്‍ ആഗ്രഹിക്കുന്ന ഹര്‍ത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.കോട്ടയത്ത് യു.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കി കഴിഞ്ഞു,വേറെ ഒരു നിവൃത്തിയും ഇല്ലാത്തതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഹര്‍ത്താലിനാണ് യു.ഡി.എഫ് ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 13നാണ് യു.ഡി.എഫ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 16ലേക്ക് മാറ്റുകയായിരുന്നു.

ആദ്യം നിശ്ചയിച്ച തിയ്യതിയില്‍ നിന്നും ഹര്‍ത്താല്‍ മാറ്റിയത് ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ സഹായിക്കാനാണെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ത്താല്‍ നടത്തുന്നതിന് ന്യായീകരണവുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.