ഒലെ ക്യാബില്‍ ഒരു സുഖപ്രസവം; സമ്മാനമായി കമ്പനി നല്‍കിയത് 5 വര്‍ഷത്തെ സൗജന്യ യാത്ര

ഒലെ ക്യാബില്‍ സുഖപ്രസവം.  പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് പുണെ സ്വദേശിനിയായ ഈശ്വരി സിങിന്  ആശുപത്രിയില്‍ പോകാന്‍ ഒലെ ക്യാബ് വിളിച്ചത്. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഈശ്വരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇതോടെ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള സൗജന്യ യാത്രയാണ് ഒലെ ക്യാബ് സമ്മാനമായി നല്‍കിയിരിക്കുന്നത്. കുഞ്ഞിന് പേരിട്ടാലുടന്‍ സൗജന്യ യാത്ര അനുവദിക്കുന്ന കൂപ്പണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഈശ്വരിക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രസവ തീയതിക്ക് മുമ്പ് വേദന അനുഭവപ്പെട്ട യുവതിയെ ഭര്‍തൃമാതാവും സഹോദരനും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മംഗള്‍വാറിലുള്ള കമല നെഹ്‌റു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഒലെ ബുക്ക് ചെയ്തത് എന്നാല്‍ എതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ യുവതി പ്രസവിക്കുകയായിരുന്നു.

തന്റെ വാഹനത്തില്‍ ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ക്യാബിന്റെ ഡ്രൈവറായ യശ്വന്ത് ഗലാണ്ടെ. ആശുപത്രിയില്‍ എത്തുന്നതിന് 12 കിലോമീറ്റര്‍ മുമ്പ് തന്നെ യുവതിക്ക് വേദന അസഹനീയമായി. എന്നാല്‍, താന്‍ പരമാവധി വേഗത്തില്‍ പോയിരുന്നു. പക്ഷേ, നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഈ യുവതി പ്രസവിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.