മൊബൈല്‍ ഫോണ്‍ സുരക്ഷിത സ്ഥാനത്തുണ്ട്; നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ്, കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കു അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയ്ക്കും വിജീഷിനും തമിഴ്‌നാട്ടില്‍ ഒളിത്താവളം ഒരുക്കിയ ചാര്‍ലി തോമസിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നാണ് കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കുറ്റകൃത്യത്തിനു സുനില്‍കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സംഭവം നടന്നു മൂന്നു ദിവസത്തോളം പ്രതികളുടെ പക്കലുണ്ടായിരുന്നു. ഫെബ്രുവരി 17നു രാത്രിയാണ് ഇവര്‍ കുറ്റകൃത്യം ചെയ്തത്. 19ന് ഇവര്‍ തമിഴ്‌നാട്ടിലേക്കു കടന്നു. എറണാകുളത്തു കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ 23നാണ് അറസ്റ്റിലായത്.

ചാര്‍ലിയുടെ മൊഴി അനുസരിച്ച് 21നാണു സുനിയും വിജീഷും കോയമ്പത്തൂരില്‍ നിന്നു ബൈക്ക് മോഷ്ടിച്ചു വീണ്ടും കേരളത്തിലേക്കു കടന്നു. അതുവരെ ഇവരുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഫെബ്രുവരി 18നും 23നും ഇടയില്‍ സുനില്‍ നേരിട്ടു ബന്ധപ്പെടാന്‍ ശ്രമിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ഇതുവരെ പോലീസിനു ലഭിച്ചിരുന്നില്ല.

ചാര്‍ലിയുടെ മൊഴികളില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. ഫെബ്രുവരി 22, 23 തീയതികളില്‍ മൊബൈല്‍ ഫോണ്‍ സുനില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചെന്ന നിഗമനത്തിലാണു പോലീസ്.