ഒരു ജയില്‍: ഇവിടെ കുറ്റവാളികളില്ല, ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നു;പഴയ കാല ഓര്‍മ്മകളും പേറി

കുറ്റവാളികളില്ലാത്ത ഒരു രാജ്യം ഇന്ത്യയിലിരുന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും അല്ലേ…  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ആലോചിക്കാന്‍ വരട്ടെ, അങ്ങനെ ഒരു രാജ്യമുണ്ട് ഈ ലോകത്തില്‍. യൂറോപ്പിലെ നെതര്‍ലാന്‍ഡ് ആണ് ആ രാജ്യം.

കുറ്റവാളികള്‍ ഇല്ല എന്ന് പറയുമ്പോള്‍ കുറ്റം ചെയ്യാത്തവരായി ആരും ഇല്ല എന്നല്ല അര്‍ഥം, പകരം ജയിലില്‍ കിടക്കാന്‍ മാത്രം കുറ്റങ്ങള്‍ ചെയ്യുന്ന ആരും തന്നെ ഇപ്പോള്‍ ഈ രാജ്യത്തില്‍ നിലവിലില്ല. അതോടെ ആളൊഴിഞ്ഞ രാജ്യത്തെ ജയില്‍ അയല്‍രാജ്യത്തിനു വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ്.

രാജ്യത്തിന്റെ ചരിത്രപ്രധാനമായ വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയിലിനാണ് സ്വന്തം രാജ്യത്ത് കുറ്റവാളികള്‍ ഇല്ലാത്തതു കൊണ്ട് അയല്‍രാജ്യമായ നോര്‍വേയില്‍ നിന്നും കുറ്റവാളികളെ ഇറക്കുമതി ചെയ്യേണ്ടി വന്നിരിക്കുന്നത്. പണ്ട് ഒരു കളവു പറഞ്ഞാല്‍ നാവു പിഴുതെറിയുന്നതും മോഷ്ടിച്ചാല്‍ കൈവെട്ടുന്നതും അടക്കം ക്രൂരമായ പല ശിക്ഷകളും പരീക്ഷിച്ചിരുന്ന ഈ ജയില്‍ പക്ഷെ ഇപ്പോള്‍ ചരിത്രമുറങ്ങുന്നയിടമായി നിലകൊള്ളുകയാണ്.

ഒപ്പം കുറ്റവാളികള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ അയല്‍രാജ്യത്തിനു വാടകയ്ക്കും കൊടുത്തു. ഇവിടെ അസാധാരണമായ ഒരു മരത്തടി നമുക്ക് കാണാം. ഒരു പ്രത്യേക ആകൃതിയില്‍ കുറ്റവാളികളെ കിടത്തി ശിക്ഷ നടപ്പിലാക്കാന്‍ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്.

കുറ്റവാളികളെ മരത്തടിയില്‍ കിടത്തി എല്ലുകള്‍ അടിച്ചു പൊട്ടിക്കും. തല വരെ അടിച്ചു പൊട്ടിക്കും. ഇത്രയും ഭീകരമായ ശിക്ഷാമുറകള്‍ നടത്തിയിരുന്ന ഈ മരത്തടി കാണാന്‍ ഇപ്പൊള്‍ ഒരു മ്യൂസിയമാക്കിയതിനു ശേഷം നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്.

നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്. ഇവരുടെ കാലാവധി കൂടെ കഴിയുന്നതോടെ ജയില്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് സാധ്യത. 2005ല്‍ 14468 കുറ്റവാളികളുണ്ടായിരുന്ന ഈ രാജ്യത്ത് ഇപ്പോള്‍ ഒരു ലക്ഷത്തില്‍ വെറും 57 പേര് മാത്രമേയുള്ളൂ എന്നതും ഏറെ ശ്രദ്ധേയമാണ്. 1823ല്‍ പണി കഴിപ്പിച്ച ഈ ജയില്‍ പ്രവര്‍ത്തനം നിര്‍ത്തി വൈകാതെ തന്നെ പൂര്‍ണ്ണമായും ചരിത്രത്തിന്റെ സ്മാരകമായി മാറിയേക്കും.