സുപ്രീംകോടതി വിലക്കിയ ആളാണ് കേരളത്തെ രക്ഷിക്കാന്‍ യാത്ര നടത്തുന്നത്; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഭീകരനെന്ന് വിധിച്ച് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി യാത്ര നടത്തുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു കാനം.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ 2010 ഒക്ടോബറില്‍ സുപ്രീംകോടതി വിധി വന്ന ശേഷം 2017 സെപ്തംബര്‍ 27ന് മാത്രമാണ് അമിത് ഷായ്ക്ക് സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാനായത്. ഇതൊക്കെ മറച്ചുവച്ചാണ് അസത്യ പ്രചാരണങ്ങളുമായി ഷാ രംഗത്തെത്തിയിട്ടുള്ളത്. കേരളത്തിന്റെ സമാധാനാന്തരീക്ഷം കലുഷിതമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെയും സി.പി.ഐ. യുവജന പ്രസ്ഥാനങ്ങളെയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കിയതിനുള്ള കേരളത്തിന്റെ മറുപടിയാണ് നിര്‍ബാധമുള്ള ഇപ്പോഴത്തെ യാത്ര. ഇത് എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നിലപാട് വെളിപ്പെടുത്തുന്നു.
കേരളം ജിഹാദികളുടെ സംസ്ഥാനമാണെന്നു പറയുന്നത് ഏഴുകൊല്ലം സംസ്ഥാനത്തു കയറാനാകാതിരുന്ന ആളാണെന്നത് സന്തോഷം തരുന്ന കാര്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതിനു പിന്നിലെ കഥകള്‍ ആരും ഓര്‍ക്കുന്നില്ലെന്ന് കരുതരുത്.