ഐജിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമം

കേരളാ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കെ.എസ്.ആര്‍.ടി.സി. ബസ് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിച്ചു. ശനിയാഴ്ച രാവിലെ കായംകുളത്താണ് സംഭവം.

തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആണ് പോലീസ് തടഞ്ഞത്. ഐ.ജിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നതാണ് കാരണമായി പറഞ്ഞത്. പി.എസ്.സി. പരീക്ഷ എഴുതാന്‍ ഉള്ളവരും നിരവധി തിരുവനന്തപുരം യാത്രക്കാരും ബസിലുണ്ടായിരുന്നു. ബസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ ബഹളമുണ്ടാക്കി.

യാത്രക്കാര്‍ ഉടക്കിയതോടെ സംഭവം പന്തിയല്ലെന്നു കണ്ട പോലീസ് ഡ്രൈവറുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം പിന്‍വാങ്ങി. അതേസമയം, പോലീസിന്റെ നടപടി മൂലം ബസ് ഒരു മണിക്കൂറോളം വൈകുകയും ചെയ്തു.