വാഹന പണിമുടക്ക്: കേരളത്തിലെ പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍

ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഈ മാസം 9, 10 തീയതികളില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കു കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്നു ട്രേഡ് യൂണിയന്‍ നേതാക്കള്‍.

വന്‍കിട ചരക്കു വാഹനങ്ങളുടെ ഉടമകളാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോടു ട്രേഡ് യൂണിയനുകള്‍ യോജിക്കുന്നുണ്ട്. എന്നാല്‍ സമരം നടത്തുന്നതു സംബന്ധിച്ചു യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യര്‍ഥിക്കുകയോ ചെയ്തിട്ടില്ലെന്നും ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ കെ.ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികളോ വാഹന ഉടമകളോ സമരത്തില്‍ പങ്കെടുക്കുന്നില്ല. എങ്കിലും സമരത്തെ എതിര്‍ക്കുന്നില്ല.
ജി.എസ്.ടി. മൂലമുള്ള പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന തുടങ്ങിയവയ്‌ക്കെതിരെയാണു സമരം. ഇതേ ആവശ്യങ്ങളുന്നയിച്ചു കേരളത്തിലെ വാഹന ഉടമകളും തൊഴിലാളികളും വിപുലമായ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നുണ്ട്.

എന്നാല്‍ ഒമ്പത്, പത്ത് തിയതികളിലെ ചരക്കുവാഹനങ്ങളുടെ സൂചനാ പണിമുടക്കില്‍ കേരളത്തിലെ ലോറികളും പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികളായ കെ.കെ. ഹംസ, കെ. ബാലചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.