പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞു; കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുംമ്പാശ്ശേരിയിലിറക്കി, പ്രതിഷേധവുമായി യാത്രക്കാര്‍
എറണാകുളം: കരിപ്പൂരിലിറങ്ങേണ്ട ഒമാന്‍ എയര്‍വേഴ്‌സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. എന്നാല്‍ പ്രതിഷേധവുമായി എത്തിയ യാത്രക്കാര്‍ക്ക് പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്ന വിശദീകരണമാണ് ലഭിച്ചത്. മോശം കാലാവസ്ഥയുടെ പേരിലാണ് കരിപ്പൂരില്‍ രാവിലെ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചു വിട്ടത്.
വിമാനത്തില്‍ 120 യാത്രക്കാരാണ് ഉള്ളത്. ഇവര്‍ ആവശ്യപ്പെട്ടുവെങ്കലും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്നും അതുകൊണ്ടു തന്നെ കരിപ്പൂരിലേയ്ക്ക് എത്തിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് അധികൃതര്‍.
കരിപ്പൂരിലേയ്ക്ക് എത്താനുള്ള മറ്റ് യാത്രാ സൗകര്യം ഏര്‍പ്പെടുത്താനും അധികൃതര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
വിമാനത്തില്‍ നാലര മണിക്കൂറോളം കാത്തിരുന്നിട്ടും യാത്രാസൗകര്യം ഒരുക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപെടുകയും യാത്രക്കാരോട് വെളിയില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. നാലു മണിക്കൂറോളം വെള്ളം പോലും ലഭിച്ചില്ലെന്നും യാത്രക്കാര്‍ പറയുന്നു.