ഐഎസ്ഐക്ക് ഭീകരരുമായി ബന്ധമുണ്ട്; സ്ഥിരീകരണവുമായി പാക്കിസ്ഥാന്, ഭീകരരെ പിന്തുണയ്ക്കുന്നില്ല
രഹസ്യാന്വേഷണ സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനു (ഐഎസ്ഐ) ഭീകരരുമായി ബന്ധമുണ്ടെന്നത് പാക്കിസ്ഥാന് സൈന്യം സമ്മതിച്ചു. എന്നാല്‍, ബന്ധമെന്നതുകൊണ്ടു ഭീകരരെയോ ഭീകരസംഘടനകളെയോ പിന്തുണയ്ക്കുന്നു എന്നുള്ള അര്‍ഥമില്ലെന്നും ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജന. ആസിഫ് ഗഫൂര്‍ പറഞ്ഞു.
ഐ.എസ്.ഐയ്ക്കു ഭീകരബന്ധമുണ്ടെന്ന യു.എസ്. പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എസ്.ഐ ഭീകരരെ പിന്തുണയ്ക്കുന്നതായി മാറ്റിസ് പറഞ്ഞിട്ടില്ല. ലോകത്തെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇത്തരം സംഘടനകളുമായി ബന്ധമുണ്ടെന്നും അതു പിന്തുണയ്ക്കലായി കണക്കാനാവില്ലെന്നും മേജര്‍ ജന.ഗഫൂര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാനെ സഹകരിപ്പിക്കാന്‍ ഒരിക്കല്‍ക്കൂടി യുഎസ് ശ്രമിക്കുമെന്നും അതിനുശേഷം പ്രസിഡന്റ് ട്രംപ് തീരുമാനമെടുക്കുമെന്നും മാറ്റിസ് കഴിഞ്ഞ ദിവസം പറഞ്ഞതു വ്യാപകചര്‍ച്ചയ്ക്കു കാരണമായി. ഐഎസ്ഐയ്ക്കു ഭീകരസംഘടനകളുമായി ബന്ധമുള്ളതായി കരുതുന്നുവെന്നു യുഎസ് സേനയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡണ്‍ഫോഡ് സെനറ്റ് സമിതിയെ അറിയിക്കുകയും ചെയ്തു.