ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്ക് സാമ്യം; കാരണം വെളിപ്പെടുത്തി നടന്‍ വിജയരാഘവന്‍

നായകന്റെ ജയില്‍ വാസം ഒരു സിനിമയെ പ്രതിസന്ധിയിലാക്കിയതാണ് കേളം കഴിഞ്ഞ നാളുകളില്‍ കണ്ടത്. ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ദിലീപ് നായകനായ ചിത്രം രാമലീല റിലീസിനെത്തിയത്. എന്നാല്‍ ചിത്രം കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായുള്ള സാമ്യം കണ്ട് അമ്പരന്നു.

കാരണം ചില ഡയലോഗുകളിലടക്കം അത്രയേറെ സാമ്യത ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി രാമലീലയ്ക്കുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ വിജയിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ചില ഭാഗങ്ങള്‍ കണ്ടാല്‍ അങ്ങനെ തോന്നുമെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാവരും അത് പറയുന്നുണ്ട്. സിനിമയില്‍ എന്തോ മാജിക്ക് നടന്നിട്ടുണ്ട്, വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയത്തില്‍ പ്രതികരണമാരാഞ്ഞപ്പോള്‍ അതിലൊന്നും പറയാനില്ലെന്നും നിയമം അതിന്റെ വഴിക്ക് പൊക്കോട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ, സത്യം പുറത്തു വരട്ടെ, അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ വീട്ടില്‍ പോയി കണ്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. നേരത്തെ ജയിലില്‍ പോയി കണ്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ദിലീപിനോട് അടുത്ത ബന്ധമുണ്ട്. ജയിലിലും പ്ലാന്‍ ചെയ്ത് പോയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രീകരണം തുടങ്ങുന്നതിന് ആറുമാസം മുമ്പാണ് വിജയരാഘവന്‍ രാമലീലയുടെ തിരക്കഥ വായിക്കുന്നത്. സാധാരണ താന്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിക്കാറില്ല. പക്ഷെ ഇത് സസ്‌പെന്‍സ് ത്രില്ലറായതുകൊണ്ട് മുഴുവന്‍ വായിച്ചു. അന്നേ തോന്നി ജനങ്ങള്‍ക്കിഷ്ടപ്പെട്ടൊരു സബ്ജക്ടായിരിക്കും ഈ സിനിമയെന്ന്, വിജയരാഘവന്‍ പറഞ്ഞു.