ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ കേസില്‍ വിധി ഇന്ന്; കേസില്‍ നിന്നൊഴിവാക്കണമെന്ന ഹര്‍ജിയിലാണ് വിധി

ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി. ബംഗളൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുക.

നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.

നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.