കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി; കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് തെരെഞ്ഞെടുക്കേണ്ടത്‌

വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളായി തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെയുള്ളവര്‍ നേതൃനിരയില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് തകരുകയേ ഉള്ളുവെന്നും ബെര്‍കെലി ഇന്ത്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ഇന്ത്യയില്‍ വര്‍ഗീയ രാഷ്ട്രീയം ഒരു പ്രശ്‌നമാണെന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ വലിയൊരു വിഭാഗം ജനങ്ങളും എതിര്‍ക്കുകയാണ് എന്നും ജയ്റ്റ്‌ലി പറഞ്ഞു. രാഹുല്‍ ഗാന്ധി യു.എസില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് ഒരു മാസത്തിനു ശേഷമാണ് ജയ്റ്റ്‌ലി പ്രഭാഷണം നടത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുകയും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. ഇവരെ ഒരുമിച്ച് കൊണ്ടുപോയത് കോണ്‍ഗ്രസിന്റെ ആശയങ്ങളാണെന്നായിരുന്നു യു.എസിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ പറഞ്ഞത്.