ഉഴവൂര്‍ വിജയന്റെ മരണം: എന്‍സിപി നേതാവ്‌ സുല്‍ഫിക്കര്‍ മയൂരി പ്രതിയാകും,അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

 

തിരുവനന്തപുരം: അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മറ്റൊരു എന്‍.സി.പി. നേതാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കാനാണ് നിര്‍ദേശം.

ഫോണില്‍ വിളിച്ച് സുല്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും രോഗം വഷളാകാന്‍ ഇത് ഇടയാക്കിയെന്നും ഉള്ള വാര്‍ത്തകളെതുടര്‍ന്നാണ് നടപടി. ശുപാര്‍ശ ക്രൈംബ്രാഞ്ച് ഉടന്‍ സര്‍ക്കാരിനു കൈമാറും.

എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്‍, തോമസ് ചാണ്ടിയുടെ എതിര്‍പക്ഷത്താണെന്നു ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ ആക്ഷേപങ്ങള്‍ ശക്തമായി.

ഇതിനിടെയാണ് എന്‍.സി.പി. നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി, വിജയനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

ഇതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മരിക്കുകയും ചെയ്തത്.