ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ല
തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലും ഇത് തന്നെയായിരുന്നു കണ്ടെത്തല്‍. 2016ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരും കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ. അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നാളെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോhadiyaര്‍ട്ട് സമര്‍പ്പിച്ചത്.
മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവുള്ളതിനാല്‍ എന്‍.ഐ.എ. അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കേസിലെ എന്‍.ഐ.എ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.shef2016 ഡിസംബറില്‍ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. പിന്നീട് രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് നിരീക്ഷിച്ച് ഹൈക്കോടതി വിവാഹം റദ്ദാക്കിയിരുന്നു. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകന്‍ ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.