മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു. അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാ അമൃതാനന്ദമയി മഠം സാമൂഹ്യ പരിഷ്‌കരണത്തിനു നടത്തുന്ന മൂന്നു പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് കേരളത്തെ രാഷ്ട്രപതി പ്രശംസിച്ചത്. മതനിരപേക്ഷതയുടെ കാര്യത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കാന്‍ ഏറെയുണ്ട്. രാജ്യത്തിന്റെ നെടുംതൂണായ സാംസ്‌കാരിക സംരക്ഷണത്തിന് ഏറെ പ്രയത്‌നിച്ച നാടാണ് കേരളമെന്നും റാം നാഥ് കോവിന്ദ് പറഞ്ഞു.
എല്ലാവര്‍ക്കും ഒരേപോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. സാധാരണക്കാരുടെ ജീവിതത്തിനാണ് മഠം പരിവര്‍ത്തനം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.