മുസ്ലീം സ്ത്രീകള്‍ മുടിമുറിക്കരുത് ; ബ്യൂട്ടീ പാര്‍ലറുകളില്‍ പോകരുത് എന്ന പേരില്‍ ഫത് വയുമായി ഡല്‍ഹിയിലെ ദാറുല്‍ ഉലും മദ്രസ

ന്യൂഡല്‍ഹി : മുസ്ലീം ഭൂരിപക്ഷമായ ഗള്‍ഫ് രാജ്യങ്ങളില്‍ വരെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസൻസ് നൽകാനും,വാഹന വിൽപ്പന അടക്കമുള്ള രംഗങ്ങളിലേക്ക് സ്ത്രീകളെ നിക്ഷേപകരായി ഉയർത്താനുമുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്ന സമയം നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്ക് മുടി മുറിക്കുന്നതും,ബ്യൂട്ടീ പാർലറിൽ പോകുന്നതും ഇസ്ലാമിനു വിരുദ്ധമാണെന്നു കാണിച്ച് ഫത്‌വ നൽകിയിരിക്കുകയാണ് ഡൽഹിയിലെ ദാറുൽ ഉലും മദ്രസ. മുടി മുറിക്കുന്നതും,പുരികം ആകൃതി വരുത്തുന്നതും ഇസ്ലാമിന് വിരുദ്ധമാണ് .ഇങ്ങനെ ചെയ്യുന്നവർ മുസ്ലീം നിയമങ്ങൾ നിഷേധിച്ച് ജീവിക്കുന്നവരാണെന്നും ദാറുൽ ഉലും മദ്രസ ഖാസ്മി മൗലാന സാദിഖിന്റെ പേരിൽ ഇറക്കിയ ഫത്‌വയിൽ പറയുന്നു.

കൂടാതെ ബ്യൂട്ടീ പാർലറുകളിൽ പോയി മേയ്ക്കപ്പ് ചെയ്യുന്നതും,സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കുന്നതും പുരുഷന്മാരെ ആകർഷിക്കാനുള്ള തന്ത്രമാണ്,അതുകൊണ്ട് മുസ്ലീം സ്ത്രീകൾ ഇതിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മുസ്ലീം സമുദായത്തിലെ താടി വളർത്തി നടക്കുന്ന പുരുഷന്മാരെ ഉദാഹരണമായി അദ്ധേഹം ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽ ബ്യുട്ടീ പാർലറുകളിൽ പോകുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം വർധിച്ചു വരുന്നുണ്ടെന്നും എത്രയും വേഗം അത് അവസാനിപ്പിക്കണമെന്നും ഫത്‌വയിൽ പറയുന്നു.