രാജ്യ വ്യാപകമായി 13ന് പമ്പുകള്‍ അടച്ച് സമരം; തീരുമാനമില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലം
മുംബൈ: എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് തീരുമാനം.
13ന് സൂചനാ സമരം നടത്താനും തുടര്‍ന്നും തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനും ധാരണയായി.
പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. 54,000ത്തോളം പെട്രോള്‍ പമ്പുകളാണ് സംഘടനയ്ക്ക് കീഴിലുള്ളത്. ഇവയിലൊന്നും 13ന് പെട്രോള്‍ വാങ്ങല്‍/വില്‍പനയുണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുകയെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്.
പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലൂടെ ഹോം ഡെലിവറി നടത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കും.