വിഐപി സംസ്‌കാരത്തോട് വിട: റെയില്‍വേ ജീവനക്കാരെ വീട്ടുവേലക്കാരാക്കണ്ട, അവസാനിക്കുന്നത്‌ 30 വര്‍ഷത്തെ പാരമ്പര്യം

ന്യൂഡല്‍ഹി: റെയില്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന വി.ഐ.പി. സംസ്‌കാരം വേണ്ടെന്നു വെയ്ക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

36 വര്‍ഷമായി നിലനില്‍ക്കുന്ന വി.ഐ.പി. സംസ്‌കാരത്തിന് തടയിടാനാണ് റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുന്നത്. ഏകദേശം മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ഇത്തരത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തിനായി റെയില്‍വേ നിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

കഴിഞ്ഞ മാസം ഏഴായിരത്തോളം ജീവനക്കാര്‍ക്ക് വിടുതല്‍ ഉത്തരവ് നല്‍കിയതായി റെയില്‍വേ വക്താവ് പറഞ്ഞു. ഇതിനു പുറമേ റെയില്‍വേയില്‍ നിലവിലുള്ള ചെയര്‍മാനും മറ്റ് ബോര്‍ഡ് മെമ്പര്‍മാരും വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ജനറല്‍ മാനേജര്‍മാര്‍ എത്തണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കാനും മന്ത്രാലയം തീരുമാനിച്ചു.

പുതിയ തീരുമാനത്തോടു കൂടി 1981 ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ ഇത്തരം നിര്‍ദേശങ്ങള്‍ ഒഴിവാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് യാത്രയ്ക്ക് ഉപയോഗിക്കുന്ന ഉയര്‍ന്ന സൗകര്യങ്ങള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.