സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയില്‍ റാഗിംഗിനെ ലജ്ജിപ്പിക്കുന്ന ഹേസിംഗ്
പി.പി. ചെറിയാന്‍
ഡാളസ്: സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ റാഗിങ്ങിനെ പോലും ലജ്ജിപ്പിക്കുന്ന ഹെയ്‌സിങ്ങിന് നേതൃത്വം നല്‍കിയ കപ്പ ആല്‍ഫ ഓര്‍ഡര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്റെ എസ് എം യു ചാപ്റ്റര്‍ ഒക്ടോബര്‍ 4 ന് യൂണിവേഴ്‌സിറ്റി സസ്‌പെന്റ് ചെയ്തു. നാല് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ കാലാവധിയെന്ന് യൂണിവേഴ്‌സിറ്റിയുടെ പത്രകുറിപ്പില്‍ പറയുന്നു.
ഫ്രറ്റേണിറ്റി സംഘടനയില്‍ പുതിയതായി അംഗത്വം എടുത്ത വിദ്യാര്‍ത്ഥികളെ അതി ക്രൂരമായ പീഠനമുറകള്‍ക്ക് വിധേയമാക്കിയതിനാണ് നടപടി. ഹാലപീനൊ തുടങ്ങിയ വിവിധ മുളക്, ചുവന്നുള്ളി, പാല്‍ എന്നിവ നിര്‍ബന്ധമായി വയറു നിറയെ കഴിപ്പിച്ച ശേഷം, ചര്‍ദ്ദിച്ചത് വസ്ത്രങ്ങള്‍ കൊണ്ട് തുടച്ചെടുത്ത് ആ വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികളെ ധരിപ്പിക്കുക. അടിമകളെപ്പോലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക തുടങ്ങിയ അതി ക്രൂരമായ മര്‍ദ്ദനമുറകളാണ് ഫ്രറ്റേണിറ്റി സീനിയര്‍ അംഗങ്ങള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിച്ചതെന്ന് ഡാളസ് ഓഫീസ് ഓഫ് സ്‌കൂള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഈ സംഘടനയിലെ അംഗങ്ങളോട് ശനിയാഴ്ചക്കുള്ളില്‍ റൂം ഒഴിയണമെന്നും, എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.