സൗദി രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ചു
ജിദ്ദ: സൗദി അറേബ്യന്‍ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം. കൊട്ടാരത്തിന് സമീപം നടന്ന വെടിവെയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു.
കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന് അല്‍ അമീരി എന്ന 28 കാരനാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അല്‍സലാം കൊട്ടാരത്തിന്റെ പരിശോധന ചെക്ക്പോസ്റ്റിലായിരുന്നു അക്രമിയെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. ആക്രമിയുടെ കാറില്‍ നിന്നും തോക്കും മുന്ന് ബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.