ഗൊരഖ്പൂരില്‍ വീണ്ടും കൂട്ടശിശുമരണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു,ജപ്പാന്‍ ജ്വരമെന്ന് വിശദീകരണം

ഗൊരഖ്പൂര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികള്‍ മരിച്ചു.
നവജാതശിശുക്കളുടെ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്ന പത്ത് കുട്ടികളും കുട്ടികളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്.

ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം നിലച്ചതാണ് മരണത്തിനിടയാക്കിയ തെന്ന് ആക്ഷേപമുണ്ടായി.

എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്‌സിജന്‍ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ജനരക്ഷാ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളം യുപിയിലെ ആശുപത്രികളെ കണ്ടു പഠിക്കണമെന്ന പ്രസ്താവനയിറക്കിയിരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കൂട്ട ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.