ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത, ആശിഷ് നെഹ്‌റക്ക് മാത്രമുള്ള റെക്കോര്‍ഡ് എന്താണെന്നറിയാമോ
ഇന്ത്യ കണ്ട മികച്ച ഫാസ്റ് ബൗളര്‍മാരുടെ നിരയില്‍ ആശിഷ് നെഹ്‌റയുണ്ടാകുമെന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായി തുടരുന്ന നെഹ്‌റക്ക് വേഗതയിലും, കൃത്യതയിലും പന്തെറിയാന്‍ പ്രായം ഒരു പ്രശനമല്ല.
പതിനെട്ട് വര്‍ഷത്തെ കരിയറില്‍ നെഹ്‌റക്ക് ഇന്ത്യന്‍ ടീമിലെ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡുണ്ട്. പരിക്ക് മൂലം പലതവണ ദേശീയ ടീമില്‍ വന്നുംപോയുമിരുന്ന നെഹ്‌റ കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ കോലി അടക്കം ഏഴ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് കളിച്ചിട്ടുള്ളത്.
ഇങ്ങനെ ഒരുപക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരാളേ ഉണ്ടാവൂ. അതെ നെഹ്റതന്നെയാണ്. ലോകക്രിക്കറ്റില്‍ തന്നെ ഷാഹിദ് അഫ്രീദിയും ചന്ദര്‍പോളും മാത്രമാണ് നെഹ്‌റയേക്കാള്‍ കൂടുതല്‍ ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ളത്.
20-ാം വയസ്സിലാണ് നെഹ്റ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. 1999ല്‍ മുഹമ്മദ് അസറുദ്ദീന്‍ കീഴില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍. 2001ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഏകദിനത്തില്‍ അരങ്ങേറി. 2009ല്‍ എം.എസ്.ധോനിക്ക് കീഴില്‍ ടിട്വന്റി ക്രിക്കറ്റിലേക്കും ചുവടുവച്ചു. ഇവരെ കൂടാതെ വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് കീഴിലാണ് നെഹ്റ കളിച്ചിട്ടുള്ളത്.