ലോകം തന്നെ ത്യജിച്ചവനാണ്: 30 ലക്ഷം രൂപ പിഴ അടയ്ക്കാനാവില്ല, ഗുര്‍മീത് റാം റഹീം

ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാല്‍ ശിക്ഷയ്‌ക്കൊപ്പം ചുമത്തിയ പിഴയായ 30 ലക്ഷം രൂപ അടയ്ക്കാനാവില്ലെന്നുമുള്ള വാദവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം. 2002ല്‍ ദേര സച്ച സൗദ ആസ്ഥാനത്ത് നടന്ന പീഡനവുമായി ബന്ധപ്പെട്ട കേസില്‍ 20 വര്‍ഷത്തേ തടവിന് ശിക്ഷിക്കപ്പെട്ട തനിക്ക് പിഴയൊടുക്കാനാവില്ലെന്ന് അഭിഭാഷകന്‍ മുഖേനയാണ് ഗുര്‍മീത് കോടതിയെ അറിയിച്ചിരിക്കുന്നത്.

തന്റെ സമ്പാദ്യമെല്ലാം പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടുകെട്ടിയെന്നും അതിനാലാണ് ഈ പിഴയൊടുക്കാന്‍ കഴിയാത്തതെന്നുമാണ് ഗുര്‍മീത് കോടതിയെ അറിയിച്ചത്.

ബലാംത്സംഗ കുറ്റത്തിന് തനിക്കെതിരെ വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ഒഴിവാക്കണമെന്ന ഗുര്‍മീതിന്റെ അപ്പീലില്‍ ഡിവിഷന്‍ ബഞ്ച് സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് സുധീര്‍ മിത്തല്‍ എന്നിവരാണ് ഗുര്‍മീതിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്. പീഡനവുമായി ബന്ധപ്പെട്ട് ഗുര്‍മീതിന് ലഭിച്ച തടവു ശിക്ഷ ജീവപര്യന്തമാക്കണമെന്ന, പീഡനത്തിനിരയായ യുവതികളുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.