യുവാക്കളുടെ ആരാധ്യപുരുഷനായ വിപ്ലവത്തിന്റെ അവസാനവാക്ക് ചെഗുവേരയുടെ മകനെ പരിചയപ്പെടാം
ലോകമെമ്പാടും കോടിക്കണക്കിന് യുവാക്കള്‍ക്ക് ഇപ്പോഴും ഭ്രാന്ത് ആണ് ചെഗുവേര എന്ന പേര്. ചെ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആ വിപ്ലവ നക്ഷത്രത്തിന്‍റെ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ ചേയുടെ ഒരേഒരു മകന്‍ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയുവാന്‍ പലര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ അച്ഛന്‍ നടന്ന വിപ്ലവപാതയില്‍ നിന്നൊക്കെ മാറി ഹവാനയില്‍ ടൂറിംഗ് കമ്പനി നടത്തുകയാണ് 52കാരനായ ഏണസ്റ്റോ. കാഴ്ച്ചയിലും രൂപത്തിലും പിതാവിനോട് നല്ല സാദൃശ്യമുള്ള ഏണസ്റ്റോ ചെ രണ്ടാമത് വിവാഹം കഴിച്ച അലെയ്ഡ മാര്‍ച്ചിലുണ്ടായ മകനാണ്. 1959ല്‍ ക്യൂബയില്‍ വെച്ചായിരുന്നു ഈ വിവാഹം. തന്റെ പേര് തന്നെയാണ് ചെ മകന് നല്‍കിയതും. ഏണസ്‌റ്റോയക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ബൊളീവിയയില്‍ വെച്ച് ചെ വധിക്കപ്പെടുന്നത്. ‘ലാ പൊഡെറോസ ടൂര്‍സ്’ എന്നാണ് ഏണസ്റ്റോയുടെ ടൂറിങ് കമ്പനിയുടെ പേര്.
അച്ഛന്‍ ലാറ്റിനമേരിക്കന്‍ പര്യടനം നടത്തിയ 500 സിസി നോര്‍ട്ടന്‍ ബൈക്കിന്റെ പേരാണ് ഏണസ്റ്റോ തന്റെ കമ്പനിയ്ക്ക് നല്‍കിയിരിക്കുന്നത്. യാത്രയോടും മോട്ടോര്‍സൈക്കിളുകളുമോടുള്ള അച്ഛന്റെ പ്രണയം മകനും ഉണ്ട് എങ്കിലും വിപ്ലവപാത മകന് വലിയ താല്‍പര്യമില്ല. ചെറുപ്പം മുതല്‍ താന്‍ ഇഷ്ടപ്പെട്ടത് മെക്കാനിക്കുകളേയും വേഗതയും മോട്ടോര്‍ബൈക്കുകളും കാറുകളുമാണെന്ന് ഏണസ്‌റ്റോ പറയുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളാണ് ഏണസ്‌റ്റോ താന്‍ മേല്‍നോട്ടം വഹിക്കുന്ന യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ലാ പൊഡെറോസ കമ്പനിയ്ക്ക് വിദേശ മൂലധന പങ്കാളിത്തവുമുണ്ട്. ക്യൂബന്‍ സര്‍ക്കാരിന്റെ പൊതുമേഖലാ കമ്പനികളും ഏണസ്റ്റോയുടെ സംരംഭത്തില്‍ പങ്കാളികളാണ്. വക്കീലായി പരിശീലനം നടത്തുകയായിരുന്ന ഏണസ്റ്റോ 2010ലാണ് ടൂറിങ് കമ്പനി ആരംഭിക്കുന്നത്.
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വകാര്യകമ്പനികള്‍ക്ക് ഇളവ് നല്‍കിയതിനേത്തുടര്‍ന്നായിരുന്നു ഇത്. ചെയുടെ മകന്‍ നടത്തുന്നു എന്നുള്ളത് ലാ പൊഡെറോസ ടൂര്‍സ് തേടിയെത്തുന്നവരുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ താന്‍ ഇതുവരെ നേടിയതെല്ലാം സ്വന്തമായി ഉണ്ടാക്കിയതാണെന്ന് ഏണസ്‌റ്റോ പറയുന്നു. തന്നെ സ്‌നേഹിക്കുന്നവര്‍ താനായിരിക്കുന്ന വ്യക്തിയെ ആണ് സ്‌നേഹിക്കേണ്ടതെന്നും ഗുവേര എന്ന പേരിനെ മാത്രം ആയിരിക്കരുതെന്നും ഏണസ്റ്റോ ധിക്കാരത്തോടെ പറയുന്നു.ചെയുടെ മകന്‍ മുതലാളിത്ത പാതയിലേക്ക് നീങ്ങിയെന്ന് തരത്തിലുള്ള രൂക്ഷ വിമര്‍ശനവും ഏണസ്റ്റോ നേരിടുന്നുണ്ട്. എന്നാല്‍ തന്റെ സംരംഭം സോഷ്യലിസ്റ്റ് ആണോ മുതലാളിത്തപരമാണോ എന്നതില്‍ കാര്യമില്ലെന്ന് ഏണസ്‌റ്റോ പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു ജോലിയാണ് ചെയ്യുന്നത്. അത് രാജ്യത്തെ സഹായിക്കുന്നതാണെന്നും ഏണസ്‌റ്റോ വ്യക്തമാക്കുന്നു.