നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായത് അമിത് ഷായുടെ മകന് മാത്രം : രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധനം കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടായത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കാണ് എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ മോദി ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രൂക്ഷ പരിഹാസവുമായി രാഹുല്‍ രംഗത്തെത്തിയത്. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ വിറ്റുവരവ് രണ്ട് വര്‍ഷം കൊണ്ട് 16,000 മടങ്ങാണ് വര്‍ധിച്ചിരിക്കുന്ന വിവരം ചൂണ്ടിക്കാട്ടി ” ദി വയര്‍ ” എന്ന ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത നല്‍കിയത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്‍ച്ച എന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. അതുപോലെ രാജ്യത്ത് നോട്ട് നിരോധനം വരുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 16 ലക്ഷം ശതമാനം വളര്‍ച്ചയാണ് കമ്പനി ഒറ്റ വര്‍ഷം കൊണ്ട് നേടിയത്. രജിസ്റ്റര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സാമ്പത്തിക കുറ്റാന്വേഷണഏജന്‍സിയും സിബിഐയും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും എഎപിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനു എതിരെ നൂറുകോടിയുടെ നഷ്ട്ടപരിഹാരകേസ് നല്‍കിയിരിക്കുകയാണ് അമിത് ഷായും മകനും.