സിസ്റ്റര്‍ അഭയക്കേസ് ഇനി ബോളിവുഡിലേക്കും; ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തിയ നിയമ പോരാട്ടം ബോളിവുഡ് സിനിമയാകുന്നു

കൊച്ചി: ദേശിയ തലത്തില്‍ വരെ ചര്‍ച്ചയാക്കപ്പെട്ട, പ്രമാദമായ സിസ്റ്റര്‍ അഭയക്കേസില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തിയ നിരന്തര നിയമ പോരാട്ടം ബോളീവുഡ് സിനിമയാകാനൊരുങ്ങുന്നു.

അഭയക്കേസില്‍ ജോമോന്‍ നടത്തിയ നിയമ പോരാട്ടം ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്ന് ബോളീവുഡ് സിനിമ നിര്‍മ്മാണ കമ്പനിയുടെ റിസര്‍ച്ച് വിഭാഗംകണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ജോമോന്റെ നിയമ പോരാട്ടം സിനിമയാക്കാന്‍ തീരുമാനിച്ചത്.

ബോളിവുഡ് നിര്‍മ്മാതാവായ ആദിത്യ ജോഷി കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയില്‍ തങ്ങി ജോമോനുമായി ചര്‍ച്ച ചെയ്താണ് അഭയക്കേസ് സിനിമയാക്കാന്‍ തീരുമാനിച്ചത്.
സിനിമയിലെ പ്രധാന കഥാപാത്രമായ ജോമോന്‍ പുത്തന്‍പുരക്കലായി എത്തുന്നത് ബോളിവുഡ് താരം ‘ഇര്‍ഫാന്‍ ഖാനാണ്’.

ജോമോന്റെ ആത്മകഥായായ അഭയക്കേസ് ഡയറി സിനിമയാക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് ജോമോന് 10 ലക്ഷംരൂപ റോയല്‍റ്റി നല്‍കും. ഇത് സംബന്ധിച്ച് 2017 ഒക്ടോബര്‍ 31-ന് ബോളിവുഡ് സിനിമ നിര്‍മ്മാണ കമ്പനികളുമായി കരാര്‍ ഒപ്പു വക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് തീരുമാനിച്ചിരിക്കുബ്ബത്.

അഭയക്കേസ് സിനിമയാകുന്നതോടെ, ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച അഭയക്കേസിലെ ചുരുളഴിയാത്ത രഹസ്യങ്ങളും, നിര്‍ണ്ണായക സംഭവങ്ങളും  അറിയാന്‍ കഴിയുമോ എന്ന ആകാംക്ഷയിലാണ് ആളുകള്‍.