ഹാദിയയുടെ നിലപാട് അറിയണം: വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും,സുപ്രീം കോടതി

ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുകയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹാദിയയ്ക്കു പറയാനുള്ളതു കേള്‍ക്കുമെന്നും വ്യക്തമാക്കിയ കോടതി കേസ് 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

കേസില്‍ ഹാദിയയുടെ നിലപാട് അറിയണം. അവര്‍ക്കെന്താണു പറയാനുള്ളതെന്നു കേള്‍ക്കണം. ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ല. വിവാഹവും എന്‍.ഐ.എ. അന്വേഷണവും രണ്ടാണ് എന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു പരിശോധിക്കുന്നത്. ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നു വനിതാ കമ്മിഷനും കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.