വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളത്, സര്‍ക്കാര്‍ ഹൈക്കോടതിയില്‍,നടപടി ജുഡീഷ്യല്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന് ശേഷം

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്ത് നടപടി വേണമെന്ന് ജൂഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ട് കൃത്യസമയത്ത് നല്‍കാമെന്ന് ചെയര്‍മാന്‍ അറിയിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് സി.എ.ജി. റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതിക്ക് നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു.