ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ നീട്ടിക്കിട്ടും, മറിച്ചായാല്‍ ..! നെഞ്ചിടിപ്പോടെ അര്‍ജന്റീന;ഇക്ക്വഡോര്‍-അര്‍ജന്റീന പോരാട്ടം പുലര്‍ച്ചെ 5ന്
അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ അര്‍ജന്റീനയും മെസ്സിയും ഉണ്ടാകുമോ ആകാംക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. കാരണം ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മുന്‍കാല പ്രതാപത്തിന്റെ ഏഴയലത്തുപോലും വരില്ല നിലവിലെ അര്‍ജന്റീനയുടെ പ്രകടനം. അതുകൊണ്ടു തന്നെ അര്‍ജന്റീനക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല.
ഇന്നു നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനക്ക് അല്‍പ്പം ആയുസ് നീട്ടിയെടുക്കാം. മറിച്ചാണെങ്കില്‍ അടുത്ത ലോകകപ്പില്‍ അര്‍ജന്റീന ഉണ്ടാകില്ല. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണു മല്‍സരം. ഇക്ക്വഡോറില്‍ വച്ച നടക്കുന്ന മത്സരത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 9350 അടി ഉയരത്തിലുള്ള ക്വിറ്റോയിലെ ഗ്രൗണ്ടില്‍ കളിക്കാര്‍ക്കു ശ്വാസം കിട്ടാന്‍ പോലും പാടായിരിക്കുമെന്നത് ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. രണ്ടുതവണ ലോകചാംപ്യന്‍മാരായ അര്‍ജന്റീന ഇപ്പോള്‍ ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ്.ആദ്യത്തെ നാലു സ്ഥാനക്കാര്‍ക്കു ലോകകപ്പ് യോഗ്യത ലഭിക്കും. അഞ്ചാം സ്ഥാനക്കാര്‍ നവംബറില്‍ ന്യൂസീലന്‍ഡുമായി ഇരുപാദ പ്ലേ ഓഫ് കളിക്കണം. ഇന്നു വിജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് അഞ്ചാം സ്ഥാനം ഉറപ്പിക്കാം.
ടീമിലുള്ളത് ലോകോത്തര താരങ്ങള്‍ എന്നിട്ടും
ലോക ഫുട്ബോളില്‍ മികച്ച താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയിന്‍, പൗളോ ഡൈബാല, മൗറോ ഇക്കാര്‍ദി, ഏയ്ഞ്ചല്‍ ഡി മരിയ, മാഷെറാനോ തുടങ്ങിയ വന്‍ താര നിരയാണ് അര്‍ജന്റീനയുടെത്. എന്നിട്ടും യോഗ്യത മത്സരങ്ങളില്‍ ആകെ നേടിയത് 16 ഗോളുകളാണ്. പോരാത്തതിന് ലോകകപ്പില്‍ കടന്നു കൂടാന്‍ പെടാപാടുപെടുകയാണ് അര്‍ജന്റീന
ഈ ടീമിന് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.