രണ്ടാം ട്വന്റി-20 ഇന്ന്; ‘അരങ്ങേറ്റ മൈതാന’ത്ത് വിജയം കൊതിച്ച് ഇന്ത്യയും ഓസീസും

ഗുവാഹത്തി: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി-20 യോടെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് അരങ്ങേറ്റം കുറിക്കുകയാണ് അസമിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയം, ഇന്ന് ഇവിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തിനിറങ്ങുന്ന ഇന്ത്യ ലക്ഷ്യമിടുന്നത് സീസണിലെ മറ്റൊരു പരമ്പര വിജയം.

ഏകദിന പരമ്പരയിലെ 4-1ന്റെ ആധികാരിക ജയം ട്വന്റി-20 യിലും തുടരാനാകും എന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മഴ പാതികളി കവര്‍ന്ന ആദ്യ ട്വന്റി-20യില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. തോല്‍വികളില്‍ വശംകെട്ട് മറുഭാഗത്തു നില്‍ക്കുന്ന ഓസീസിന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇന്ന് ജയിച്ചേ തീരൂ എന്ന അവസ്ഥയാണ്. വൈകിട്ട് ഏഴിനാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

റിസ്റ്റ് സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ മിന്നും താരങ്ങള്‍. നാല് ഏകദിനങ്ങളില്‍നിന്നും ഒരു ട്വന്റി 20യില്‍ നിന്നുമായി ഇരുവരും പിഴുതത് 16 വിക്കറ്റുകള്‍. വെറും 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റു നേടിയ കുല്‍ദീപായിരുന്നു ആദ്യ ട്വന്റി 20 മല്‍സരത്തിലെ മാന്‍ ഓഫ് ദ് മാച്ച്. സ്പിന്നര്‍മാര്‍ക്കു മുന്‍പില്‍ മുട്ടിടിച്ച ഓസീസിനെ ഞെട്ടിപ്പിക്കുന്നതാണ് ബര്‍സാപര സ്റ്റേഡിയത്തിന്റെ ചരിത്രം. കഴിഞ്ഞ രഞ്ജി സീസണില്‍ ഹൈദരാബാദ് സ്പിന്നര്‍മാര്‍ ഇവിടെ ഹിമാചല്‍പ്രദേശിനെ ഓള്‍ഔട്ടാക്കിയത് 36 റണ്‍സിനാണ്!

ടീമുകളില്‍ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. ഏറെക്കാലത്തിനുശേഷം ടീമിലേക്കു തിരിച്ചെത്തിയ ആശിഷ് നെഹ്‌റയ്ക്ക് ഇന്ന് അവസരം നല്‍കിയേക്കും. പരുക്കേറ്റ സ്റ്റീവ് സ്മിത്ത് ഇന്നും ഓസീസ് ടീമിലില്ല.