ഇനി ആ പഴി കേള്‍ക്കേണ്ട; പിറന്ന മണ്ണിനോടു തന്നെ കൂറുകാട്ടി മെസ്സി, അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍

അര്‍ജന്റീന ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കും വിരാമം. മെസ്സിയുടെ ഹാട്രിക്ക് ഗോള്‍. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മെസ്സിയും അര്‍ജന്റീനയുമുണ്ടാവും. മെസ്സിയുടെ സ്വപ്നതുല്ല്യമായ ഹാട്രിക്കിന്റെ പൊലിമയോടെ ആധികാരികമായി തന്നെ അര്‍ജന്റീന റഷ്യയിലേയ്ക്ക് യാത്രയാവുകയാണ്.

കോണ്‍മബോള്‍ മേഖലയിലെ അവസാനത്തെ ജീവന്‍മരണ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പുറത്താകുമെന്ന് ഭയന്നിരുന്ന മുന്‍ ചാമ്പ്യന്മാരുടെ ജയം. ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കെതിരെ അര്‍ജന്റീന നേടിയ ചരിത്രത്തിലെ ആദ്യ ജയമാണിത്.

ഈ സ്വപ്നസദൃശമായ ജയത്തോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേയ്ക്ക് യാത്രയാവുന്നത്. പതിനെട്ട് കളികളില്‍ നിന്ന് 28 പോയിന്റുണ്ട്. തൊണ്ണൂറ്റിമൂന്ന് മിനിറ്റ് മുന്‍പ് വരെ ആറാം സ്ഥാനത്തായിരുന്നവര്‍ക്ക്. 41 പോയിന്റുള്ള ബ്രസീല്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.

31 പോയിന്റുള്ള യുറുഗ്വായും നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. അവസാന മത്സരത്തില്‍ പെറുവുമായി സമനില വഴങ്ങിയ കൊളംബിയയും നേരിട്ട് യോഗ്യത നേടി. പെറുവിന് ഇനി നവംബറില്‍ ന്യൂസീലന്‍ഡുമായി പ്ലേ ഓഫ് കളിക്കണം. അവസാന മത്സരത്തില്‍ ബ്രസീലിനോട് ദയനീയമായി തോറ്റ ചിലിയും വെനസ്വേലയോട് തോറ്റ പാരഗ്വായും പുറത്തായി.

ഒരു തോല്‍വി, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു സമനില പോലും ആത്മഹത്യാപരമാകുമായിരുന്ന നിര്‍ണായക മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍.

പിറന്ന മണ്ണിനേക്കാള്‍ പോറ്റിവളര്‍ത്തിയ ക്ലബിനോട് കൂറു പുലര്‍ത്തുന്നവന്‍ എന്ന ആക്ഷേപങ്ങള്‍ക്കുള്ള എണ്ണിയെണ്ണിയുള്ള മറുപടിയായിരുന്നു മിന്നുന്ന ഈ മൂന്ന് ഗോളുകളും.

ഇതോടെ ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ ആദ്യമായി ഇരുപത് ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി അഞ്ചു തവണ ബാലണ്‍ ദ്യോര്‍ കരസ്ഥമാക്കിയ മെസ്സിക്ക് സ്വന്തമായി.