പഞ്ച്ഗുള കലാപം: ആസൂത്രക താന്‍ തന്നെയെന്ന് പണിപ്രീത്; ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ലാപ് ടോപ്പിനായി പോലീസ്
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്ഗുളയിലുണ്ടായ അക്രമങ്ങളുടെ ആസൂത്രക താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്‍സാന്‍. അക്രമണത്തിനുള്ള മാര്‍ഗരേഖ തയാറാക്കിയത് താനാണെന്നും ഹണിപ്രീത് പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കലാപം സംഘടിപ്പിച്ചതിന്റെയും ഇതിന് ആവശ്യമായ പണം ചിലവഴിച്ചതിന്റെയും ഉത്തരവാദിത്വവും ഹണിപ്രീത് ഏറ്റെടുത്തു. കലാപത്തെ സംബന്ധിച്ച് ഓഗസ്റ്റ് 17 മുതല്‍ പദ്ധതികള്‍ തയാറാക്കിയിരുന്നതായും പോലീസ് അറിയിച്ചു.
കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികള്‍ക്ക് 1.25 കോടി രൂപയാണ് വിതരണം ചെയ്തത്. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒളിവാലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹണിപ്രീതിന്റെ ലാപ്‌ടോപ്പില്‍ സംരക്ഷിക്കപ്പെടുന്നുവെന്നും അത് ഉടന്‍ തിരിച്ചുപിടിക്കുമെന്നും പോലീസ് അറിയിച്ചു.