തോല്‍വിക്ക് പിന്നാലെ വീണ്ടും നാണം കെട്ട് ഇന്ത്യ;ഓസ്ട്രേലിയന്‍ ടീം സഞ്ചരിച്ച ബസ്സിന് നേരെ കല്ലെറിഞ്ഞ് ഇന്ത്യന്‍ ആരാധകര്‍

ഗുവാഹത്തി: രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. മത്സരശേഷം സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്നതിനിടയൊണ് ടീം സഞ്ചരിച്ച ബസിനു നേരെ അക്രമം ഉണ്ടായത്. ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്രമണ വാര്‍ത്ത പുറത്ത് വിട്ടത്.

‘ഹോട്ടലിലേക്ക് തിരിച്ചു പോകുന്നതിനിടെ സാമാന്യം വലിപ്പമുള്ള ഒരു കല്ല് ടീം ബസിന്റെ വിന്‍ഡോയ്ക്ക് നേരെ എറിയുകയായിരുന്നു’ എന്ന കുറിപ്പോടെ ബസിന്റെ തകര്‍ന്ന ചില്ലിന്റെ ചിത്രവും ഫിഞ്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബി.സി.സി.ഐയോ, ഐ.സി.സിയോ, ക്രിക്കറ്റ് ഓസ്‌ട്രേലിയയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓസീസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സഹതാരം ഗ്ലെന്‍ മാക്സ്വെല്ലും ഫിഞ്ചിന്റെ പോസ്റ്റില്‍ റീട്വീറ്റുമായും രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ പരാജയങ്ങളില്‍ ഉഴഞ്ഞിരുന്ന ഓസീസ് ഇന്നലെ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ടീമിന് നേരെ അക്രമണം നടന്നതെന്ന്.

മികച്ച ബൗളിംഗ് കാഴ്ചവച്ച ഓസ്‌ട്രേലിയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞ ഇന്ത്യ ഇന്നലെ എട്ടുവിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. പരാജയത്തിനു പിന്നാലെ ഓസീസ് ടീമിനു നേരെ അക്രമണമുണ്ടായത് ഇന്ത്യയിലെ അന്താരാഷാട്ര മത്സരങ്ങളെ തന്നെ ബാധിച്ചേക്കും. ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ടീമുകള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുന്നതാണ് ഇന്നലത്തെ സംഭവം.