ട്വന്റി-20യില്‍ ഓസീസിനെതിരായ തോല്‍വി കൊഹ്ലിക്കും ധോണിക്കും നല്‍കിയ രണ്ടു റെക്കോര്‍ഡുകള്‍

ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 8 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യന്‍ ടീം നിരാശയൊക്കെ മാറ്റി അടുത്ത മത്സരത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. നായകന്‍ വിരാട് കൊഹ്ലിയടക്കം ഇന്ത്യയുടെ മുന്‍നിര ബാറ്‌സ്മാന്മാരെല്ലാം പരാജയപ്പെട്ട മത്സരം ഏകപക്ഷിയമായാണ് ഓസിസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിട്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരില്‍ ഒരു ലോക റെക്കോര്‍ഡ് കുറിക്കപ്പെട്ടു. ട്വന്റി-20 ക്രിക്കറ്റില്‍ കോലിയുടെ ആദ്യ ഡക്കായിരുന്നു ഇത്. പൂജ്യനാവാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് കോലിയുടെ പേരില്‍ ഇപ്പോഴുള്ളത്. തുടര്‍ച്ചയായ 47 മത്സരങ്ങള്‍ക്കുശേഷമാണ് കോലി പൂജ്യനാവുന്നത്.40 മത്സരങ്ങളില്‍ പൂജ്യനാവാതെ കളിച്ച പാക്കിസ്ഥാന്റെ ഷൊയൈബ് മാലിക്കാണ് റെക്കോര്‍ഡ് ബുക്കില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 39 മത്സരങ്ങളില്‍ പൂജ്യനാവാതിരുന്ന ഇന്ത്യയുടെ യുവരാജ് സിംഗ് മൂന്നാമതുണ്ട്. കോലിയുടെ ഡക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യ ഇതുവരെ കളിച്ച 85 ട്വന്റി-20 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ പൂജ്യനാവുന്നതും ഇതാദ്യമായാണ്.

നിലവിലെ നായകന്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയും ഒരു റെക്കോര്‍ഡ് നേട്ടത്തിലെത്തി. മത്സരത്തില്‍ മുന്‍ നായകന്‍ എം.എസ് ധോണി സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. ഇതാദ്യമാാണ് ട്വന്റി-20 മത്സരത്തില്‍ ധോണി സ്റ്റംപിംഗിലൂടെ പുറത്താവുന്നത്.