‘എന്നെ ചീത്ത വിളിക്കേണ്ട, മോദിയെ വിളിച്ചോളൂ’ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരോട് ബിജെപി എംഎല്‍എ

തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് ഗുജറാത്തിലെ വഡോദരയില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സമരത്തിനിടെ സ്ഥലത്തെത്തിയ ബി.ജെ.പി എം.എല്‍.എ സതീഷ് പട്ടേലിനെ നേരെ ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായപ്പോള്‍ സമരക്കാര്‍ സതീഷ് പട്ടേലിനെതിരെയും മുദ്ര വാക്യം വിളിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷ് പട്ടേലിന് പിന്നാലെക്കൂടിയ സമരക്കാര്‍ വീണ്ടും മുദ്രാവാക്യം വിളികളിലൂടെ പ്രകോപനം തുടര്‍ന്നതോടെ തന്നെ ചീത്ത വിളിക്കേണ്ടെന്നും മോദിയെ വിളിച്ചോ എന്നും എം.എല്‍.എ സമരക്കാരോട് പറഞ്ഞുവെന്ന് ദേശീയമാധ്യമമായ ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരത്തിനിടെയാണ് സംഭവം നടന്നത്.തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഗുജറാത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണെന്നും വിവരമുണ്ട്.