പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാല്‍സംഗം : സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റി എഴുപത്തിയഞ്ചാം വകുപ്പിലെ നിര്‍വചനമാണ് ജസ്റ്റിസ് മദന്‍ മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പുനര്‍വ്യാഖ്യാനിച്ചത്. 18 വയസിൽ താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. ഇത് പീഡനമായി കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അവകാശം നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടായി നിശ്ചയിച്ചിരിക്കെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിര്‍വചനം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇതുവരെ വിവാഹവിഷയത്തില്‍ പതിനഞ്ച് വയസിന് താഴെയുളള പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് മാത്രമാണ് പീഡനക്കുറ്റമായി കണക്കാക്കിയിരുന്നത്.